ബംഗളൂരു 20 ദിവസത്തേക്ക് അടച്ചിടണം; അല്ലെങ്കില്‍ മറ്റൊരു ബ്രസീലായി മാറും: കുമാരസ്വാമി

കെആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, കലസിപാളയ എന്നിവിടങ്ങളിലാണ് രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. ബംഗളൂരുവില്‍ 298 തീവ്രരോഗബാധിത മേഖലകളാണുള്ളത്.

Update: 2020-06-23 07:38 GMT

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 20 ദിവസത്തേക്ക് നഗരം പൂര്‍ണമായും അടച്ചുപൂട്ടണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ചില പ്രദേശങ്ങള്‍ മാത്രം അടച്ച് സീല്‍ ചെയ്യുന്നതിന് പകരം നഗരം പൂര്‍ണ്ണമായും അടച്ചിടണമെന്ന് കുമാരസ്വാമി ട്വീറ്റുകളിലുടെ ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കെആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, കലസിപാളയ എന്നിവിടങ്ങളിലാണ് രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. ബംഗളൂരുവില്‍ 298 തീവ്രരോഗബാധിത മേഖലകളാണുള്ളത്.

'' മനുഷ്യജീവനുകള്‍ വച്ച് കളിക്കുന്നത് നിര്‍ത്തുക. കുറച്ചുപ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ബംഗളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് എന്തെങ്കിലും വിലകൊടുക്കുന്നുണ്ടെങ്കില്‍ നഗരം പൂര്‍ണമായും 20 ദിവസത്തേക്ക് അടച്ചിടണം. അല്ലെങ്കില്‍ ബംഗളൂരു മറ്റൊരു ബ്രസീലായി മാറും. സമ്പദ് വ്യവസ്ഥയേക്കാള്‍ ജനങ്ങളുടെ ജീവനാണ് പ്രധാനം'' കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഡ്രൈവര്‍മാര്‍, നെയ്ത്ത് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി മാത്രം പാക്കേജ് പ്രഖ്യാപിച്ചാല്‍ പോര, മറ്റ് വിഭാഗക്കാര്‍ക്കും പലചരക്ക് സാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നും 50 ലക്ഷം തൊഴിലാളികള്‍ക്ക് കുറഞ്ഞത് 3.78 ലക്ഷം കൈമാറാനും കുമാരസ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രണ്ടുമാസത്തെ ലോക്ക് ഡൗണിനുശേഷമുള്ള ഇളവുകള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ യെദിയൂരപ്പ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, ഇന്നലെ കര്‍ണാടകയില്‍ 249 പുതിയ കൊവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,399 ആയി. മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് കലാബുരഗി -27, വിജയപുര -15, ഉഡുപ്പി -14, ദക്ഷിണ കന്നഡ -12, ദാവന്‍ഗരെ -9, ഉത്തര കന്നഡ, ബാഗല്‍കോട്ടെ -ആറ്, ബിദാര്‍, ചിക്കമംഗളൂരു -അഞ്ച് എന്നിങ്ങനെയാണ്.

Tags:    

Similar News