'ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ അപമാനിച്ചു'; ബോളിവുഡ് താരം ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവയ്പ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ സംഘം
ലക്‌നൗ: ബോളിവുഡ് നടി ദിഷാ പഠാണിയുടെ ഉത്തര്‍പ്രദേശിലെ വീടിനുനേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. 'ദൈവങ്ങളേയും സനാതന ധര്‍മത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവയ്പ്പ് ഒരു ട്രെയിലര്‍ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാല്‍ അവരെ വീട്ടില്‍ നിന്ന് ജീവനോടെ പുറത്തുപോകാന്‍ അനുവദിക്കില്ല', സംഘാംഗമായ വീരേന്ദ്ര ചരണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷാ പഠാണി അപമാനിച്ചുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. 'ഈ സന്ദേശം ദിഷയ്‌ക്കെതിരേ മാത്രമല്ല. മറിച്ച്, അവരുമായി ബന്ധപ്പെട്ട എല്ലാ സിനിമാക്കാര്‍ക്കും ഉള്ളതാണ്. ഭാവിയില്‍ ആരെങ്കിലും ഇത്തരം അനാദരവ് കാണിച്ചാല്‍, അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകുക', ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍, ദിഷയുടെ പിതാവ് ജഗദീഷ് പഠാണി പോലിസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അക്രമികളെ പിടികൂടാന്‍ പോലിസ് അഞ്ച് സംഘങ്ങളെ രൂപീകരിച്ചു. നേരത്തെ, ഗുരുഗ്രാമില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായിരുന്നു എല്‍വിഷ് യാദവിന്റെ വീടിന് നേരെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിയുതിര്‍ത്ത് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.