സിദ്ധരാമയ്യയെ തള്ളി വീഴ്ത്തി ശിവകുമാര്‍; എഐ വീഡിയോ പങ്കുവച്ചയാള്‍ക്കെതിരേ കേസ്
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി. ശിവകുമാര്‍ തള്ളി വീഴ്ത്തുന്ന വ്യാജ വിഡിയോ നിര്‍മിച്ച് പങ്കു വച്ചയാള്‍ക്കെതിരേ കേസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. കന്നഡ ചിത്രരംഗ എന്നു പേരുള്ള ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുപിതനായ ശിവകുമാര്‍ സിദ്ധരാമയ്യയെ തള്ളിയെന്നും സിദ്ധരാമയ്യ വീണു പോയെന്നുമുള്ള കുറിപ്പും വിഡിയോക്കൊപ്പമുണ്ടായിരുന്നു.
വാര്‍ത്താ ക്ലിപ്പിന് സമാനമായ രീതിയില്‍ ചെയ്തിരിക്കുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരേ അഭിഭാഷകനായ ദീപു സി.ആര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തേജോവധം ചെയ്യുന്നതിനായാണ് ഇത്തരത്തില്‍ ഒരു വിഡിയോ പ്രചരിപ്പിച്ചതെന്നും ഇതു ജനങ്ങള്‍ക്കിടയില്‍ മോശം ചിന്താഗതിയുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സദാശിവനഗര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തിനു കാരണമാകും വിധം പ്രകോപനമുണ്ടാക്കി, വ്യാജ രേഖ ചമച്ചു, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.