പരിപ്പ് കറി കേടായി, ക്യാന്റീന്‍ കോണ്‍ട്രാക്ടറുടെ മുഖത്തടിച്ച് ശിവസേന എംഎല്‍എ
മുംബൈ: ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പരിപ്പ് കറി കേടായതിനെ തുടര്‍ന്ന് ക്യാന്റീന്‍ കോണ്‍ട്രാക്ടറുടെ മുഖത്തടിച്ച് ശിവസേന എംഎല്‍എ. മുംബൈയിലെ ആകാശവാണി എംഎല്‍എ ക്യാന്റീനിന്റെ കോണ്‍ട്രാക്ടറെ മര്‍ദിക്കുന്ന വിഡിയോ വൈറലാണ്.
നിയമസഭാംഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ആകാശവാണി എംഎല്‍എ ക്യാന്റീനിലാണ് മോശം ഭക്ഷണം വിളമ്പിയത്. ഇതില്‍ ക്ഷുഭിതനായാണ് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ് കോണ്‍ട്രാക്ടറെ മര്‍ദിച്ചത്. എംഎല്‍എ ഹൗസിലെ റൂമില്‍ താഴത്തെ നിലയിലുള്ള ക്യാന്റീനില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.
പരിപ്പ് കറി കഴിച്ച ഉടനെ തന്നെ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് എംഎല്‍എയുടെ പരാതി. ഭക്ഷണം മോശമാണെന്ന് മനസിലായപ്പോള്‍ തന്നെ ക്യാന്റീനിലെത്തി പരിപ്പ് കറി കോണ്‍ട്രാക്ടറെ വിളിച്ച് മണിപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ നിലത്ത് വീഴുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ എംഎല്‍എ ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഇവിടുത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിരവധിത്തവണ പരാതിപ്പെട്ടതാണെന്നും നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും സഞ്ജയ് ഗെയ്ക്ക്വാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സഞ്ജയ് ഗെയ്ക്ക്വാദ് ഇതിന് മുമ്പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞ് മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്ന് എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
