അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് ; അദ്വാനി വിദ്വേഷത്തിന്റെ വിത്ത് വിതച്ച വ്യക്തിയെന്ന് സഞ്ജയ് ഹെഗ്‌ഡെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. നേരത്തെ കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ച തരൂര്‍, ഇത്തവണ ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയാണ് രംഗത്തുവന്നിരിക്കുന്നത്. ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി അദ്വാനിയെ വിമര്‍ശിക്കുന്നതില്‍ കാര്യമല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ചൈനയുടെ തിരിച്ചടി ചൂണ്ടിക്കാട്ടി നെഹ്രു ചെയ്ത സംഭാവനകള്‍ ചുരുക്കാമോ, അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയെ ചെറുതായി കാണാമോ, സമാനമായ കാര്യം തന്നെയാണ് അദ്വാനിയുടെ കാര്യത്തിലും എന്ന് ശശി തരൂര്‍ പറയുന്നു. ഏതെങ്കിലും ഒരുകാര്യം കാണിച്ച് അദ്വാനിയുടെ ദീര്‍ഘകാല സേവനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.
അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ എക്സില്‍ കുറിപ്പിട്ടു. അദ്വാനിയുടെ കൂടെ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. ബിജെപി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമാണ് ലാല്‍കൃഷ്ണ അദ്വാനി. അദ്ദേഹത്തിന്റെ 98ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് തരൂരിന്റെ പ്രതികരണം. പൊതുസേവനത്തില്‍ അചഞ്ചലമായ പ്രതിബദ്ധത കാണിച്ച നേതാവാണ് അദ്വാനി എന്ന് തരൂര്‍ പറയുന്നു.
എല്‍കെ അദ്വാനിക്ക് 98ാം ജന്മദിന ആശംസകള്‍. തിളക്കമാര്‍ന്ന ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ അദ്വാനിയുടെ പങ്ക് വലുതാണെന്നും തരൂര്‍ എക്സില്‍ കുറിച്ചു. അതേസമയം, കടുത്ത വിമര്‍ശനമാണ് തരൂര്‍ നേരിട്ടത്. വിഭജന രാഷ്ട്രീയം വളര്‍ത്തിയ നേതാവിനെ വെള്ളപൂശുകയാണ് തരൂര്‍ ചെയ്യുന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം.
വിദ്വേഷത്തിന്റെ വിത്ത് വിതച്ച വ്യക്തി ചെയ്തത് പൊതുസേവനമല്ല എന്ന് സുപ്രിംകോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ പ്രതികരിച്ചു. ഇതിന് മറുപടി നല്‍കവെയാണ് ജവഹര്‍ലാല്‍ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും ചേര്‍ത്ത് തരൂര്‍ പ്രതികരിച്ചത്. സഞ്ജയ് ഹെഗ്ഡെ കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ എടുത്തു സൂചിപ്പിക്കുകയും ചെയ്തു. അദ്വാനി നടത്തിയ രഥയാത്ര, 2002ലെ ഗുജറാത്ത് കലാപം, 2014ലെ ബിജെപിക്ക് കേന്ദ്ര ഭരണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം സൂചിപ്പിച്ചായിരുന്നു ഹെഗ്ഡെയുടെ മറുപടി. 1980കളുടെ അവസാനത്തിലാണ് സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അദ്വാനി രഥയാത്ര തുടങ്ങിയത്. ഇതാണ് 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്കും വ്യാപക സംഘര്‍ഷങ്ങളിലേക്കും നയിച്ചത്.

