നോട്ട് നിരോധനം കിരാതം; രൂക്ഷവിമര്‍ശനവുമായി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

നോട്ടു നിരോധനത്തെ കിരാത നടപടിയെന്നു വിശേഷിപ്പിച്ച അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്താന്‍ ഇത് കാരണമാക്കിയെന്നും തുറന്നടിച്ചു.

Update: 2018-11-29 07:08 GMT

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രംഗത്ത്. നോട്ടു നിരോധനത്തെ കിരാത നടപടിയെന്നു വിശേഷിപ്പിച്ച അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്താന്‍ ഇത് കാരണമാക്കിയെന്നും തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം സര്‍ക്കാര്‍ നിലപാടുകളോട് വിയോജിച്ച് കാലാവധി തികയ്ക്കും മുമ്പ് ഇക്കഴിഞ്ഞ ജൂണ്‍ 20നു രാജിവച്ചിരുന്നു.

നോട്ടു നിരോധനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ചര്‍ച്ച ചെയ്തില്ലെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റലി അന്ന് വിശദീകരിച്ചിരുന്നത്. സെപ്തംബറില്‍ വരെ കാലാവധിയുണ്ടായിട്ടും അത് പൂര്‍ത്തിയായാല്‍ രഘുറാം രാജന് പകരം അരവിന്ദ് സുബ്രഹ്മണ്യത്തെ ആര്‍ബിഐ ഗവര്‍ണറാക്കുമെന്നു വരെ അഭ്യൂഹം ഉയര്‍ന്നിരുന്നു. അതിനിടെയാണ് കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച രാജി വച്ചത്. 

Tags: