ഷര്‍ജീല്‍ ഇമാം ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു ജാമ്യാപേക്ഷ, സുപ്രിം കോടതിയിലെ ജാമ്യാപേക്ഷയെ ബാധിക്കുമെന്നതിനാലാണ് പിന്‍വലിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ പിന്‍വലിച്ചു. സുപ്രിം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചതെന്ന് ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജാമ്യം തേടിയാണ് ഡല്‍ഹി കര്‍ക്കാര്‍ഡൂമ കോടതിയെ സമീപിച്ചിരുന്നത്.
തനിക്ക് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഡല്‍ഹി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബിഹാറിലെ ബഹാദൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും അതോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്ക് ജയിലിലിരുന്ന് നേതൃത്വം നല്‍കാനാവില്ലെന്നും തന്നെ സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ താന്‍ പുറത്തിറങ്ങിയാല്‍ മാത്രമേ പ്രചരണങ്ങള്‍ നടക്കുകയുള്ളൂവെന്നും പറഞ്ഞാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കാനിരിക്കെ മറ്റൊരു ജാമ്യാപേക്ഷ കീഴ്‌ക്കോടതിയില്‍ നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പിന്‍വലിക്കുന്നതെന്ന് ഷര്‍ജീലിന്റെ അഭിഭാഷകന്‍ അറിയിച്ചു. സുപ്രിം കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ജയിലിലായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.
ബിഹാറിലെ ജഹനാബാദ് ജില്ലയിലെ കാക്കോ ഗ്രാമത്തിലെ ഷര്‍ജീല്‍ ഇമാം ഡല്‍ഹി ജെഎന്‍യുവിലെ പിഎച്ഡി വിദ്യാര്‍ഥിയായിരിക്കെ സിഎഎ-എന്‍ആര്‍സി സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഡല്‍ഹി കലാപത്തിന് ആസൂത്രണം നടത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി 2020 മുതല്‍ തിഹാര്‍ ജയിലിലാണ്. ചില കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഇപ്പോഴും തിഹാര്‍ ജയിലിലാണ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ആറിനും 11 നുമായി രണ്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. 14ന് ഫലം പ്രഖ്യാപിക്കും. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 29 വരെയാണ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടിയിരുന്നത്.
