പ്രയാഗ്രാജ്:ഷാഹി ഈദ്ഗാഹ് മസ്ജിദ് - ശ്രീകൃഷ്ണ ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന്റെ വാദം അലഹാബാദ് ഹൈക്കോടതി മാറ്റിവച്ചു. സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണനയില്‍ ഉള്ളതിനാലാണ് ഹൈക്കോടതി വാദം മാറ്റിവച്ചത്. ഹിന്ദു വിഭാഗം സമര്‍പ്പിച്ച 18 ഹരജികളിലാണ് കോടതി വാദം കേട്ടത്. എല്ലാ പക്ഷങ്ങളും അവരുടെ മറുപടികള്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുരാവസ്തു വകുപ്പ് (എഎസ്ഐ) കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതിന് അനുമതി നല്‍കി. അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും.
സുപ്രിംകോടതിയില്‍ ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണനയില്‍ ഇരിക്കുമ്പോള്‍ സമാന്തരമായി വാദം നടത്തുന്നത് ഉചിതമല്ലെന്ന് മസ്ജിദിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍, കോടതിയെ അറിയിച്ചു. ''പരമോന്നത കോടതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, സമാന്തര വാദങ്ങള്‍ പൊതുഹിതത്തിന് സഹായകരമല്ല,'' അദ്ദേഹം പറഞ്ഞു. '1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന മതസ്ഥാപനങ്ങളുടെ സ്ഥിതി മാറ്റരുതെന്നാണ് നിയമം പറയുന്നതെന്ന് മറ്റൊരു അഭിഭാഷകന്‍ വ്യക്തമാക്കി.