ഷാരൂഖ് ഖാന്റെ നില മെച്ചപ്പെട്ടു; ആശുപത്രി വിട്ടു

Update: 2024-05-24 10:20 GMT

അഹ്മദാബാദ്: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. നിര്‍ജ്ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ട നടനെ ബുധനാഴ്ചയാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗൗരി ഖാനും മക്കള്‍ സുഹാനയും അബ്രാമും എസ്.ആര്‍.കെക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താരം മുംബൈയിലേക്ക് മടങ്ങിയത്.

നിലവില്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ഗൗരി ഖാന്‍ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ നടന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്. ഷാരൂഖ്ഖാനെ കാണാന്‍ വന്‍ ജനാവലിയാണ് ബുധനാഴ്ച ആശുപത്രിയിലെത്തിയത്.



ചൂട് താങ്ങാന്‍ കഴിയാതെയാണ് നടന് ആരോഗ്യപ്രശ്‌നമുണ്ടായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരം ജയിച്ച് ഫൈനലിലെത്തിയ കൊല്‍ക്കത്ത ടീമിനൊപ്പം ഷാറൂഖ് ഖാന്‍ ചൊവ്വാഴ്ച രാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ നിര്‍ജ്ജലീകരണവും തളര്‍ച്ചയും ഉണ്ടായി. സൂര്യാഘാതവും ഏറ്റിരുന്നു. ബുധനാഴ്ച അഹമ്മദാബാദില്‍ 45.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. മല്‍സരം കാണാനെത്തിയ അന്‍പതോളം പേര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.



കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിനും ഷാറൂഖ് ഖാന്‍ എത്തിയിരുന്നു. ഐ.പി. എല്‍ മത്സരങ്ങള്‍ക്ക് ശേഷമേ ഷാറൂഖ് സിനിമയില്‍ സജീവമാവുകയുള്ളൂ. നിലവില്‍ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മകള്‍ സുഹാനക്കൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങന്നുണ്ട്. ജൂണിന് ശേഷം ചിത്രീകരണം തുടങ്ങമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ല്‍ പുറത്തിറങ്ങിയ ഡങ്കിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രം. പത്താന്‍, ജവാന്‍ എന്നിവയാണ് പോയവര്‍ഷം പുറത്തിറങ്ങിയ നടന്റെ മറ്റു ചിത്രങ്ങള്‍.





Tags:    

Similar News