വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം: ഹൈദരാബാദ് ഇഫ്‌ലുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം
ഹൈദരാബാദ്: ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തേത്തുടര്‍ന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ (ഇഫ്‌ലു) വിദ്യാര്‍ഥി പ്രക്ഷോഭം. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വൈകിയെന്നും യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് സെന്റര്‍, അതിജീവിതയ്ക്ക് മതിയായ പരിചരണം നല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തേത്തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റുെചയ്തു.
ബുധനാഴ്ച രാത്രിയാണ് അക്രമികള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. പഴയ ഹെല്‍ത്ത് സെന്ററിനു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിക്ക് പിന്നീട് പ്രാഥമിക ചികിത്സ നല്‍കി. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പീഡനം നടന്നത്. പ്രധാന സെക്യൂരിറ്റി ചെക്ക്‌പോസ്റ്റില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് അതിക്രമം നടന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.