രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല

ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ സഭയെ അറിയിച്ചു.

Update: 2021-12-04 17:41 GMT

ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ ആളുകള്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം. കൊവിഡ് സ്ഥിരീകരിച്ച മുപ്പതിലധികം പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. വിശദമായ വാര്‍ത്ത പരിശോധിക്കാം.

ഡൽഹിയിൽ നിന്നുള്ള 12 പേരുടേയും മഹാരാഷ്ട്രയിൽ നിന്നുള്ള പത്ത് പേരുടേയും കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 46 കാരനുമായി സമ്പർക്കത്തിൽ വന്ന അഞ്ച് പേരുടേയും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പേരുടെയും ജനിതക ശ്രേണികരണ ഫലമാണ് ആദ്യം പുറത്തുവരുന്നത്. അതിന് പുറമെ, വിദേശത്ത് നിന്നും എത്തിയ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാൽ ഈ പട്ടിക നീളുമെന്നാണ് റിപോര്‍ട്ട്.

അതേസമയം, ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ സഭയെ അറിയിച്ചു. പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൂസ്റ്റർ ഡോസിന്റെയും കുട്ടികളുടെ വാക്സിനേഷന്റെയും കാര്യത്തിൽ വിദഗ്ധ സമിതി പരിശോധന തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.