മുംബൈ ആശുപത്രിയില്‍ തീപ്പിടിത്തം; ആറ് പേര്‍ മരിച്ചു
എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗര്‍ ആശുപത്രിയിലാണ് ഇന്ന് വൈകീട്ട് നാലുമണിയോടെ തീപ്പിടിത്തമുണ്ടായത്.
മുംബൈ: മുംബൈ അന്ധേരി ഈസ്റ്റിലെ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 147 പേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗര്‍ ആശുപത്രിയിലാണ് ഇന്ന് വൈകീട്ട് നാലുമണിയോടെ തീപ്പിടിത്തമുണ്ടായത്.
അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിലായിരുന്നു തീപ്പിടിത്തം. തീപിടിച്ചതോടെ ആറു ടാങ്കര്‍ ലോറികളില്‍ വെള്ളവും 10 ഫയര്‍ എന്‍ജിനും എത്തിയാണ് തീയണച്ചത്. അന്ധേരി വെസ്റ്റിലെ കൂപ്പര്‍ ആശുപത്രി, താക്കറെ ആശുപത്രി, ഈസ്റ്റിലെ ജോഗേശ്വരി ആശുപത്രി, ഹോളി സ്പിരിറ്റ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
കെട്ടിടമാകെ പുക പടര്‍ന്നതിനെ തുടര്‍ന്ന് പലരും വിവിധ നിലകളില്‍ കുടുങ്ങി. ശ്വാസതടസ്സത്തോടു കൂടിയാണ് മിക്കവരെയും ആശുപത്രിയില്‍ എത്തിച്ചത്.