യെദ്യൂരപ്പയ്ക്ക് തിരിച്ചടി; പോക്‌സോ കേസ് റദ്ദാക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നല്‍കിയ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് എം ഐ അരുണ്‍ യെദ്യൂരപ്പയ്ക്ക് സമന്‍സ് അയക്കാനുള്ള വിചാരണക്കോടതിയുടെ വിധി ശരി വച്ചു. എന്നാല്‍ വിചാരണക്കാലയളവില്‍ അത്യാവശ്യമെങ്കില്‍ മാത്രം കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതുള്ളൂ എന്നും ഏകാംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരിയില്‍ 17 വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2024 മാര്‍ച്ച് 14നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിഐഡിക്ക് കേസ് കൈമാറി.
യെദ്യൂരപ്പയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി വി നാഗേഷ് ആണ് കോടതിയില്‍ ഹാജരായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രൊഫസര്‍ രവിവര്‍മ കുമാറാണ് ഇരയ്ക്കു വേണ്ടി ഹാജരായത്.