ഹൈദരാബാദ്: തെലങ്കാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എ.പി ജിതേന്ദര്‍ റെഡ്ഡി കോണ്‍ഗ്രസില്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്‍ചാര്‍ജ് ദീപ ദാസ് മുന്‍ഷി എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സ്വീകരിച്ചു. റെഡ്ഡിയെ തെലങ്കാന സര്‍ക്കാരിന്റെ ഉപദേശകനായി കോണ്‍ഗ്രസ് നിയമിച്ചു.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ജിതേന്ദര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണയാണ് മഹബൂബ് നഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പുറത്തുനിന്നുള്ളവര്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മുന്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ജിതേന്ദര്‍ റെഡ്ഡി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
''ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന പുറത്തുനിന്നുള്ളവര്‍ക്കാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. എന്റെ ആശങ്കകള്‍ സംസ്ഥാന-ദേശീയ തലത്തില്‍ പലതവണ ഞാന്‍ അറിയിച്ചിട്ടുണ്ട്. ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല. വേദനയോടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു''- ജിതേന്ദര്‍ റെഡ്ഡി രാജിക്കത്തില്‍ പറഞ്ഞു.