സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരേ പരാതിയുമായി വിദ്യാര്‍ഥികളായ പതിനാറിലധികം പെണ്‍കുട്ടികള്‍ രംഗത്തെത്തി. ഡല്‍ഹിയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ഥിനികളാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പാര്‍ത്ഥ സാര്‍ത്തി എന്നും അറിയപ്പെടുന്ന ആള്‍ദൈവത്തിനെതിരേ വസന്ത് കുഞ്ച് നോര്‍ത്ത് പോലിസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 183 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ 15 ഓളം വിദ്യാര്‍ഥികള്‍ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയുടെ കൈവശം ഐക്യരാഷ്ട്രസഭയുടെ നമ്പര്‍ പതിച്ച ഒരു ആഡംബര കാര്‍ ഉണ്ട്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തില്‍ ഈ നമ്പര്‍ വ്യാജമാണെന്ന് പോലിസ് കണ്ടെത്തി. ഇയാള്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.