ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം; 50ലധികം പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ എംഎ വിദ്യാര്‍ഥിയും ടിസ് ക്യൂര്‍ കലക്ടീവ് പ്രവര്‍ത്തകയുമായ ഉര്‍വശി ചുദാവാലയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ ഒരാള്‍. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്.

Update: 2020-02-04 05:37 GMT

മുംബൈ: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മുംബൈ പോലിസ്. എല്‍ജിബിടിക്യു എന്ന സംഘടന നടത്തിയ റാലിയില്‍ ഷര്‍ജീലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം, പരിപാടിയുടെ സംഘാടകരെ കേസില്‍നിന്ന് ഒഴിവാക്കി. ഇവര്‍ അത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കാത്തതിനാലാണ് കേസില്‍നിന്ന് ഒഴിവാക്കിയതെന്ന് മുംബൈ പോലിസ് അറിയിച്ചു.

ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ എംഎ വിദ്യാര്‍ഥിയും ടിസ് ക്യൂര്‍ കലക്ടീവ് പ്രവര്‍ത്തകയുമായ ഉര്‍വശി ചുദാവാലയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ ഒരാള്‍. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. കേസിന്റെ പ്രാഥമികാഅന്വേഷണത്തിനായി ഉര്‍വശിയെ മുമ്പ് രണ്ടുതവണ ചോദ്യംചെയ്യാന്‍ പോലിസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, അവര്‍ ഹാജരായില്ലെന്ന് പോലിസ് ഓഫിസര്‍ പറഞ്ഞു.

സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 ബി, 505 എന്നീ വകുപ്പുകള്‍പ്രകാരമാണ് ഇവര്‍ക്കെിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാല പരിസരത്ത് കഴിഞ്ഞ ജനുവരി 16ന് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ശാഹീന്‍ബാഗിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഷര്‍ജീല്‍ നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നാണ് പോലിസിന്റെ ആരോപണം.

Tags: