ഫ്രാന്‍സില്‍നിന്ന് 7,000 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് പറക്കല്‍; രണ്ടാം ബാച്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍

59,000 കോടി ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനായാണ് ഫ്രാന്‍സുമായി ഇന്ത്യ അന്തര്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. 10 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമുണ്ട്.

Update: 2020-11-04 19:13 GMT

ന്യൂഡല്‍ഹി: വ്യോമസേനയുടെ ശക്തിവര്‍ധിപ്പിക്കുന്നതിനായി വാങ്ങിയ ഫ്രഞ്ച് നിര്‍മിത റഫേല്‍ യുദ്ധവിമാനങ്ങളുടെ രണ്ടാംബാച്ച് ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി 8.14നാണ് ഫ്രാന്‍സില്‍നിന്ന് 7,000 കിലോമീറ്റര്‍ സഞ്ചരിച്ച് എവിടെയും നിര്‍ത്താതെ (നോണ്‍ സ്റ്റോപ്പ്) നേരിട്ട് ഇന്ത്യയില്‍ എത്തിയെന്നു വ്യോമസേന ട്വീറ്റ് ചെയ്തു. മൂന്ന് റഫേല്‍ വിമാനങ്ങള്‍ ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തിലെത്തുമെന്നു നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. വിമാനങ്ങള്‍ പിന്നീട് അംബാലയിലെത്തിക്കും. ഇന്ത്യ വാങ്ങുന്ന 36 റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ജൂലൈ 29ന് അംബാല എയര്‍ബേസിലാണെത്തിച്ചത്.

സപ്തംബര്‍ 28ന് ഇവ സൈന്യത്തിന്റെ ഭാഗമായി. അബൂദബിക്ക് സമീപമുള്ള അല്‍ ദാഫ്ര എയര്‍ബേസില്‍ നിര്‍ത്തിയശേഷമാണ് അന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. സപ്തംബര്‍ 10ന് ഇവ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. ജാംനഗറിലുള്ള വിമാനങ്ങള്‍ അംബാലയിലേക്കു പറക്കുമെന്നാണു റിപോര്‍ട്ടുകള്‍. 2023ഓടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യയിലെത്തിക്കുമെന്ന് ചീഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ അറിയിച്ചു.

59,000 കോടി ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങുന്നതിനായാണ് ഫ്രാന്‍സുമായി ഇന്ത്യ അന്തര്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. 10 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമുണ്ട്. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, 10 മണിക്കൂര്‍ ശേഷിയുള്ള ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറുകള്‍, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്റ് ട്രാക്ക് സിസ്റ്റങ്ങള്‍, ജാമറുകള്‍ തുടങ്ങിയ സംവിധാനങ്ങളുള്ള റഫേല്‍, കരകടല്‍വ്യോമ ആക്രമണങ്ങള്‍ക്ക് അനുയോജ്യമായ ഇരട്ട എന്‍ജിന്‍ പോര്‍വിമാനമാണ്.

Tags: