സിഖ് വിരുദ്ധ കലാപം:ശിക്ഷാവിധി സ്വാഗതാര്‍ഹമെന്ന് എസ്ഡിപിഐ; ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് ഉടന്‍ നടപ്പാക്കണം

സജ്ജന്‍ കുമാറിനും മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജീവപര്യന്തം തടവും കോണ്‍ഗ്രസിന്റെ നിയമസഭാംഗങ്ങളും തദ്ദേശ ഭരണ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചത് വൈകി വന്ന നീതിയാണെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2018-12-19 16:28 GMT

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ശിക്ഷാവിധിയെ എസ്ഡിപിഐ സ്വാഗതം ചെയ്തു. സജ്ജന്‍ കുമാറിനും മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജീവപര്യന്തം തടവും കോണ്‍ഗ്രസിന്റെ നിയമസഭാംഗങ്ങളും തദ്ദേശ ഭരണ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചത് വൈകി വന്ന നീതിയാണെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരകളുടെ നിരന്തര പരിശ്രമവും സമുദായ നേതാക്കളുടെ ആത്മാര്‍ഥമായ ഇടപെടലുമാണ് വൈകിയാണെങ്കിലും നീതി ഉറപ്പാക്കാന്‍ സാധ്യമാക്കിയത്. ഭരണകക്ഷിയുടെ സ്വാധീനത്താല്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലിസ് നടത്തിയ വിഫലശ്രമങ്ങള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

വൈകി വന്ന കോടതി വിധി രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും അധസ്ഥിതര്‍ക്കും എതിരായി നടക്കുന്ന ഉന്മൂലന നീക്കങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണം നടത്തി വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പു കൂട്ടുന്നവരുടെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഭരണകൂട പിന്തുണയോടെ നടന്ന വംശഹത്യയാണ് 1984 ലെ സിഖ് വിരുദ്ധ കലാപവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം വിരുദ്ധ കലാപങ്ങളും. പോലിസും അധികാരികളും രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിനു വിരുദ്ധമായാണ് കലാപ സമയത്ത് പ്രവര്‍ത്തിച്ചത്. ഭരണകൂടങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ മനോഭാവമാണ് ഈ കലാപങ്ങളില്‍ വ്യക്തമാവുന്നത്. കലാപത്തിനു നേതൃത്വം നല്‍കിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ മഹത്വവല്‍ക്കരിക്കപ്പെടുകയും കേന്ദ്രമന്ത്രി പദവി ഉള്‍പ്പെടെ നല്‍കി ആദരിക്കപ്പെട്ടതുള്‍പ്പെടെയുള്ള ദൗര്‍ഭാഗ്യകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കമല്‍ നാഥ് ഇപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.

84 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരിക്കലും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് എം കെ ഫൈസി പറഞ്ഞു. അതേപോലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ശിക്ഷാ വിധിയില്‍ സന്തോഷം കൂറുന്ന ബിജെപി, ആര്‍എസ്എസ് കേഡര്‍മാരും കലാപസമയത്ത് നിരപരാധികളായ സിഖ് ജനത അക്രമിക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്നു. അന്നും ഇന്നും രാജ്യത്ത് നടക്കുന്ന മനുഷ്യത്വവിരുദ്ധമായ കലാപങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ ഉത്തരവാദികളാണ്. നീതിക്കു വേണ്ടി നിയമപോരാട്ടം നടത്തിയ സിഖ് സഹോദരങ്ങളെ എം.കെ ഫൈസി അഭിനന്ദിച്ചു. എന്നാല്‍ കുറ്റവാളികളില്‍ വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്തുതന്നെയാണ്. കോടതി വിധിയില്‍ നിന്ന് ഗുണപാഠമുള്‍ക്കൊണ്ട് കുറ്റവാളികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ഫൈസി ആവശ്യപ്പെട്ടു.

അതേസമയം, സമാനമായ നിരവധി കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്നും ഫൈസി വ്യക്തമാക്കി. 199293 ല്‍ മുംബൈയില്‍ നടന്ന മുസ്്‌ലിം വിരുദ്ധകലാപം അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിക്കുകയും ഉടന്‍ നടപ്പാക്കുകയും വേണം. 26 വര്‍ഷം പിന്നിട്ടിട്ടും ബാബരി മസ്ജിദ് ധ്വംസന കേസ് നടപടികള്‍ ഇന്നും പ്രാരംഭ നടപടികളില്‍ തന്നെയാണ്. എന്നാല്‍, പ്രതികള്‍ മഹത്വവല്‍ക്കരിക്കപ്പെടുകയും രാജ്യത്തെ ഉന്നത സ്ഥാനങ്ങളിലേയക്ക് അവരോധിക്കപ്പെടുകയും ചെയ്യുകയാണ്. കുറ്റക്കാരായവര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും കേന്ദ്രമന്ത്രിമാരായും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരായും സ്ഥാനം കൈയടക്കിയിരിക്കുന്നു. ഇത്തരം കേസുകളില്‍ പോലിസും അന്വേഷണ ഏജന്‍സികളും ഭരണകൂടങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധപൂര്‍വം കേസ് നടപടികള്‍ വൈകിപ്പിക്കുന്നതായി ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നു. അതിനാല്‍ ഇത്തരം ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപത്തില്‍ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന ബിജെപി നീക്കം ആത്മാര്‍ഥമാണെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെക്കൊണ്ട് ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാവണം. അതുപോലെ തന്നെ കഴിഞ്ഞ 26 വര്‍ഷമായി അനിശ്ചിതമായി കിടക്കുന്നതും ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, എം എം ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളുമായ ബാബരി മസ്ജിദ് ധ്വംസന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ യുപിയിലെ ബിജെപി സര്‍ക്കാരും ആര്‍ജ്ജവം കാണിക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു.


Tags:    

Similar News