മോശമായി പെരുമാറിയതിന് ശകാരിച്ചു; യുപിയില്‍ അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം. സ്വകാര്യസ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോഴായിരുന്നു സംഭവം.
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച് പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം. സ്വകാര്യസ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോഴായിരുന്നു സംഭവം.
വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തെ സിസിടിവി കാമറയില്‍നിന്നും നാല് പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. ക്ലാസിലെ മറ്റ് വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതിനാല്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ശകാരിച്ചിരുന്നതായി റൂറല്‍ പോലിസ് സൂപ്രണ്ട് ഇറാജ് രാജ പറഞ്ഞു. ഇതെത്തുടര്‍ന്ന് അധ്യാപകനോട് വിദ്യാര്‍ഥിക്ക് വൈരാഗ്യമായി.
ക്ലാസില്‍വച്ചുണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ വിദ്യാര്‍ഥി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തന്റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകന് നേരേ വെടിയുതിര്‍ത്തത്. അധ്യാപകന്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളെ പോലിസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും നിരീക്ഷണത്തിലാണ്.