സ്കൂള്‍ കുട്ടികള്‍ പങ്കെടുത്തു; കോയമ്പത്തൂരില്‍ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കലക്ടറുടെ അന്വേഷണം. സ്കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്ത സംഭവത്തിലാണ് കലക്ടര്‍ അന്വേഷണം തുടങ്ങിയത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി.
സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. സ്വകാര്യ സ്കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ എം. ബാലമുരളി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.
കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.