വധശ്രമക്കേസ്: ലക്ഷദ്വീപ് എംപിക്കെതിരായ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് എംപിയെ ഹൈക്കോടതി വിധി വരുന്നതുവരെ അയോഗ്യനാക്കരുതെന്നും വ്യക്തമാക്കി
ആറാഴ്ച കാലയളവില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീല്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കേണ്ടിവരും. കേസില്‍ ലോക്‌സഭാ എംപിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതിയുടെ സമീപനം തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞു. എം.പിയെന്ന വസ്തുത കണത്തിലെടുത്താണ് കേസില്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോട് സ്വീകരിച്ചതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേസില്‍ വീണ്ടും വാദംകേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഹമ്മദ് ഫൈസലിനും മറ്റ് മൂന്ന് പേര്‍ക്കും 2023 ജനുവരി 11 ന്, 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ലക്ഷദ്വീപിലെ കവരത്തിയിലെ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ എന്‍സിപി നേതാവിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. അങ്ങനെ ചെയ്യാത്തത് സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 30 ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ സമ്മതിച്ചു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കണക്കിലെടുത്ത് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കിയതിനെതിരെ ഫൈസലിന്റെ പ്രത്യേക ഹര്‍ജി മാര്‍ച്ച് 29 ന് സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു.
