ക്രിമിനല്‍ കേസില്‍ പഞ്ചാബ് ജയിലില്‍ കഴിയുന്ന മുഖ്താര്‍ അന്‍സാരി എംഎല്‍എയെ യുപിയിലേക്ക് മാറ്റണം: സുപ്രിംകോടതി
രണ്ടാഴ്ചയ്ക്കുള്ളില്‍ പഞ്ചാബിലെ റോപ്പര്‍ ജയിലില്‍നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കു മാറ്റണമെന്നാണ് ഉത്തരവ്. അന്‍സാരിയെ അലഹബാദ് ജയിലിലോ ബാന്ദ ജയിലിലോ പാര്‍പ്പിക്കുന്നത് സംബന്ധച്ച് യുപിയിലെ പ്രത്യേക കോടതി തീരുമാനമെടുക്കും.

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ ബിഎസ്പി എംഎല്‍എ മുഖ്താര്‍ അന്‍സാരിയെ പഞ്ചാബില്‍നിന്ന് ഉത്തര്‍പ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പഞ്ചാബിലെ റോപ്പര്‍ ജയിലില്‍നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കു മാറ്റണമെന്നാണ് ഉത്തരവ്. അന്‍സാരിയെ അലഹബാദ് ജയിലിലോ ബാന്ദ ജയിലിലോ പാര്‍പ്പിക്കുന്നത് സംബന്ധച്ച് യുപിയിലെ പ്രത്യേക കോടതി തീരുമാനമെടുക്കും. സംസ്ഥാനത്ത് അന്‍സാരിക്കെതിരായ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടക്കേണ്ടതിനാല്‍ പ്രതിയെ വിട്ടുകിട്ടണമെന്ന യുപി സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് സുപ്രിംകോടതി നടപടി.
പഞ്ചാബിലേക്ക് മാറ്റുന്നതിനുമുമ്പ് അന്‍സാരി ക്രിമിനല്‍ കേസുകളിലായി 2015 മുതല്‍ ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളിലായിരുന്നു. നിലവില്‍ പഞ്ചാബിലെ രൂപനഗര്‍ ജയിലിലാണ് അന്‍സാരി കഴിയുന്നത്. യുപിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, യുപി സര്‍ക്കാരിന്റെ ആവശ്യത്തെ പഞ്ചാബ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് യുപി സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിംകോടതി വെള്ളിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അന്‍സാരിയെ പഞ്ചാബില്‍നിന്ന് യുപിയിലെ ജയിലിലേയ്ക്ക് മാറ്റണമെന്ന യുപി സര്‍ക്കാരിന്റെ ഹരജിയും തന്റെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന അന്‍സാരിയുടെ ഹരജിയുമാണ് സുപ്രിംകോടതി പരിഗണിച്ചത്. ഇതില്‍ യുപി സര്‍ക്കാരിന്റെ ഹരജി അനുവദിച്ച കോടതി, അന്‍സാരിയുടെ ഹരജി തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മൗ മണ്ഡലത്തിലെ ബിഎസ്പി എംഎല്‍എയാണ് മുഖ്താര്‍ അന്‍സാരി. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താര്‍ അന്‍സാരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇയാളുടെ സഹായികളുടെ സ്വത്തുക്കളും സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഗാസിയാപൂരിലെ ഇയാളുടെ സഹായികളുടെ ആയുധ ലൈസന്‍സും സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.