കൊവിഡ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി
ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് തുറന്ന കോടതിയിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന ശുപാര്‍ശ നല്‍കിയതെന്ന് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രിംകോടതിയില്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി റിപോര്‍ട്ട്. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് തുറന്ന കോടതിയിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന ശുപാര്‍ശ നല്‍കിയതെന്ന് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
കോടതി മുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കണമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഉടന്‍ നടപടികള്‍ പുനരാംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. അതിനാല്‍, റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും പതിവ് വാദം കേള്‍ക്കല്‍ ആരംഭിക്കേണ്ടതില്ലെന്നും സമിതി വിലയിരുത്തി. ഇക്കാര്യത്തില്‍ ജൂണ്‍ അവസാനത്തോടെ ഒരു തീരുമാനമാവാം. ചില ജഡ്ജിമാര്‍ അഭിഭാഷകരുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞെങ്കിലും സമിതി നിസ്സഹായത പ്രകടിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്. കോടതി അടച്ചിട്ടിരിക്കുന്നത് അഭിഭാഷകര്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്ന് അറിയാം. പക്ഷേ, ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തുടരും. ജൂണ്‍ 19ന് വേനലവധിക്ക് സുപ്രിംകോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനം. ജൂലൈ ആറിനാണ് അവധിക്ക് ശേഷം കോടതി പുനരാരംഭിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജോലിസമയം നഷ്ടപ്പെടുന്നതിനാല്‍ 45 ദിവസത്തെ വേനല്‍ക്കാല അവധി രണ്ടാഴ്ചയായി കുറയ്ക്കാന്‍ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. സ്ഥിതി വിലയിരുത്തുന്നതിന് ഈമാസം അവസാനം ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള വീണ്ടും സമിതി യോഗം ചേരും.
