കര്‍ണാടകയില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് സവര്‍ക്കറും ഹെഡ്‌ഗോവറും സുലിബിയും പുറത്ത്

ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Update: 2023-06-16 05:36 GMT

ബെംഗളൂരു: ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയതായി ചേര്‍ത്ത പാഠഭാഗങ്ങള്‍ പിന്‍വലിക്കാന്‍ സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സ്‌കൂളില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന നിര്‍ദേശവും പുതിയ സര്‍ക്കാര്‍ നടപ്പാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സവര്‍ക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആര്‍എസ്എസ് ചിന്തകന്‍ ചക്രവര്‍ത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.കര്‍ണാടകത്തില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക ബില്ലുകള്‍ പിന്‍വലിക്കുകയാണ് പുതിയതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മതപരിവര്‍ത്തന നിരോധന നിയമവും കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


 ഇക്കഴിഞ്ഞ 2022 ഒക്ടോബറിലാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) പ്രാബല്യത്തില്‍ വന്നത്. അന്നത്തെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന് ബില്‍ നിയമസഭ പാസാക്കുകയായിരുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് എന്ന പേരിലാണ് ബില്‍ 2022 സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയത്.

2021 ഡിസംബറില്‍ ബില്‍ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഉപരിസഭയായ നിയമ നിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാനായില്ല. തുടര്‍ന്ന് കൗണ്‍സിലിനെ മറികടന്ന് നിയമം പ്രാബല്യത്തില്‍ വരുത്താന്‍ 2022 മേയില്‍ സര്‍ക്കാര്‍ ബില്‍ ഓര്‍ഡിനന്‍സായിറക്കുകയായിരുന്നു.







Tags: