അനധികൃത സ്വത്തുസമ്പാദനക്കേസ്; വി കെ ശശികല ഇന്ന് ജയില്‍മോചിതയാവും

Update: 2021-01-27 04:21 GMT

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കെ ജയലളിതയുടെ അടുത്ത സഹായിയുമായ വി കെ ശശികല ഇന്ന് ജയില്‍മോചിതയാവും. കൊവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയിലെത്തില്ലെന്നാണ് വിവരം.

ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചെന്നൈയിലെത്തിയാല്‍ ആദ്യം മറീനയിലുള്ള ജയലളിത സ്മാരകം ശശികല സന്ദര്‍ശിക്കും. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും. കേസിലെ കൂട്ടുപ്രതി ഇളവരശി കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ്. ഇവര്‍ ഫെബ്രുവരി ആദ്യം ജയില്‍മോചിതയാവും. രാവിലെ 10 നും 11 നും ഇടയില്‍ ശശികലയെ വിട്ടയക്കുമെന്ന് അവരുടെ ഉപദേഷ്ടാവ് എന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞു.

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശിക്ഷ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ജയില്‍ അധികൃതര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കും. പ്രാദേശിക പോലിസ് സ്‌റ്റേഷനിലും വിവരം അറിയിക്കും. ജയില്‍ അധികൃതര്‍ ശശികലയ്ക്ക് നല്‍കിയ പോലിസ് സംരക്ഷണം നീക്കംചെയ്യും. പോലിസ് സംരക്ഷണം നീട്ടണോ വേണ്ടയോ എന്ന് കര്‍ണാടക പോലിസായിരിക്കും തീരുമാനിക്കുകയെന്ന് ശശികലയുടെ അഭിഭാഷകന്‍ പറഞ്ഞു.

Tags: