സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്ന് ബിസിസിഐ പുറത്താക്കി

ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളിലും മഞ്ജരേക്കര്‍ കമന്ററി ബോക്‌സിലുണ്ടാവില്ലെന്ന് മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിന മല്‍സരത്തില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല.

Update: 2020-03-14 14:59 GMT

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്നു ബിസിസിഐ പുറത്താക്കി. ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളിലും മഞ്ജരേക്കര്‍ കമന്ററി ബോക്‌സിലുണ്ടാവില്ലെന്ന് മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിന മല്‍സരത്തില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. മഴമൂലം ഉപേക്ഷിച്ച മല്‍സരത്തില്‍ കമന്ററി പറയാന്‍ സുനില്‍ ഗവാസ്‌കര്‍, എല്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവരാണ് എത്തിയത്.

അതേസമയം, എന്തുകൊണ്ടാണ് സഞ്ജയ് മഞ്ജരേക്കറെ പുറത്താക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, മഞ്ജരേക്കറിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ലോകകപ്പിനിടെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ സംബന്ധിച്ച് മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുമായും മഞ്ജരേക്കര്‍ പ്രശ്‌നമുണ്ടാക്കി. ഹര്‍ഷ ഭോഗ്ലെയുടെ യോഗ്യതയെ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വിവാദപരാമര്‍ശങ്ങളില്‍ മഞ്ജരേക്കര്‍ മാപ്പ് പറഞ്ഞെങ്കിലും ബിസിസിഐ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. 

Tags:    

Similar News