ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് എസ്ഡിപിഐ

ആം ആദ്മി മുന്‍ എംഎല്‍എയും ഇപ്പോള്‍ ബിജെപി നേതാവുമായ കപില്‍ മിശ്ര ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം വളരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ശേഷമാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ട്വീറ്റിലൂടെ അനുയായികളെ ആക്രമണത്തിനായി പ്രദേശത്തേക്ക് ക്ഷണിച്ചു. ആള്‍ക്കൂട്ട അക്രമത്തിന്റെ രീതി 2002 ഗുജറാത്ത് വംശഹത്യയുടെ സമാനമാണ്.

Update: 2020-02-27 13:53 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധപ്രതിഷേധക്കാര്‍ക്കെതിരായ സംഘപരിവാര്‍ അക്രമം തടയാന്‍ ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പോലിസിന്റെ തുറന്ന പിന്തുണയോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ എസ്ഡിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി ഉടന്‍ രാജിവയ്ക്കുക, അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുകോടി രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും ഡല്‍ഹി സര്‍ക്കാര്‍ അടിയന്തരനഷ്ടപരിഹാരമായി നല്‍കുക, വിദ്വേഷവും പ്രകോപനവും സൃഷ്ടിച്ച അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ്മ എന്നിവരെയും കലാപകാരികള്‍, അക്രമത്തില്‍ പങ്കാളികളായ പോലിസുകാര്‍ എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുചെയ്യുക, സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ഒരു സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന സംബന്ധിച്ച റഫറന്‍സ് നിബന്ധനകളോടെ ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സെക്രട്ടേറിയറ്റ് ഉന്നയിച്ചു.

മൂന്നുദിവസങ്ങളിലായി നടന്ന അക്രമങ്ങളില്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുകയും നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഡല്‍ഹിയിലെ പോലിസ്, ഭരണനിര്‍വഹണം, സര്‍ക്കാര്‍ എന്നിവയുടെ സങ്കീര്‍ണത പ്രകടമാണ്. യഥാര്‍ഥ അക്രമികളെയും ഗുജറാത്ത് വംശഹത്യ ആവര്‍ത്തിക്കാനുള്ള ആഹ്വാനവും വ്യക്തമാക്കുന്ന നിരവധി വീഡിയോ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചിലയിടങ്ങളില്‍ പള്ളികള്‍, മുസ്‌ലിം സ്വത്തുക്കള്‍ എന്നിവ അക്രമികള്‍ നശിപ്പിക്കുമ്പോള്‍ പോലിസുകാര്‍ നിശബ്ദകാണികളായിരുന്നെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ പോലിസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്നു.

അശോക് നഗറിലെ ഒരു പള്ളിയുടെ മിനാരവും ഉച്ചഭാഷിണിയും നശിപ്പിക്കാന്‍ ശ്രമിക്കുന്നതും അതില്‍ ഹനുമാന്റെയും ജയ് ശ്രീറാമിന്റെയും ചിത്രങ്ങള്‍ പതിച്ച കാവിപ്പതാക കെട്ടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണസമയത്ത് കുറ്റവാളികള്‍ ''ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് മോദിജി'', ''ജയ് ശ്രീറാം'' എന്ന് ആക്രോശിക്കുന്നു. വെടിവയ്പിലും കൊലപാതകത്തിലും ഒരു പോലിസുകാരന്‍ ഉള്‍പ്പടെ മുപ്പത്തഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഉള്‍പ്പടെ ഗുരുതരപരിക്കുകളോടെ 150 ലധികം പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിലവിലെ അക്രമം സ്വയമേവയുള്ള പ്രതികരണമല്ല, മറിച്ച് സിഎഎയെ എതിര്‍ക്കുന്ന ആളുകള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.

ആം ആദ്മി മുന്‍ എംഎല്‍എയും ഇപ്പോള്‍ ബിജെപി നേതാവുമായ കപില്‍ മിശ്ര ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം വളരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ശേഷമാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ട്വീറ്റിലൂടെ അനുയായികളെ ആക്രമണത്തിനായി പ്രദേശത്തേക്ക് ക്ഷണിച്ചു. ആള്‍ക്കൂട്ട അക്രമത്തിന്റെ രീതി 2002 ഗുജറാത്ത് വംശഹത്യയുടെ സമാനമാണ്. മുസ്‌ലിംകളെ മാത്രം ആക്രമിക്കാന്‍ സംഘപരിവാറിനെ സഹായിക്കുന്നതിനായി പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുന്നില്‍ കാവി പതാകകള്‍ കെട്ടിയിട്ടുണ്ട്.

ഒരു വൈറല്‍ ഫോട്ടോയില്‍ ഒരു മുസ്‌ലിം ഷോപ്പ് മാത്രം നശിപ്പിക്കപ്പെട്ടപ്പോള്‍ ഇരുവശങ്ങളിലുമുള്ള രണ്ട് ഹിന്ദു കടകളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അരവിന്ദ് കെജ്‌രിവാള്‍ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി നരകമായി മാറുമ്പോള്‍ മൂന്നുദിവസവും അദ്ദേഹം നിശബ്ദകാഴ്ചക്കാരനായി തുടര്‍ന്നു. നിസ്സഹായരായ ഇരകള്‍ക്ക് സഹായം നല്‍കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. ജസ്റ്റിസ് എസ് മുരളീധറിനെ തിടുക്കത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത് ആശങ്കാജനകമാണ്.

പ്രക്ഷോഭകരുടെ അക്രമങ്ങളും കൊലപാതകങ്ങളും സിഎഎയ്‌ക്കെതിരായ രാജ്യവ്യാപകപ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തില്ലെന്നും നീതി ലഭിക്കുന്നതുവരെ തുടരുമെന്നും എസ്ഡിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സെക്രട്ടറിയേറ്റിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, ദേശീയ സെക്രട്ടറി തസ്‌ലിം റഹ്മാനി സംബന്ധിച്ചു. 

Tags: