സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; വിവാദ പ്രസ്താവനകളുമായി ശിവസേനാ നേതാവും ബിജെപി മന്ത്രിയും
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ മോഷ്ടാവിന്റെ കുത്തേറ്റ് ആശുപത്രിയില്‍ നിന്നും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആയതില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക കമന്റുകളാണ് വരുന്നത്. താരത്തിന്റെ പരിക്ക് വ്യാജമാണെന്നും നാടകമാണെന്നും തരത്തിലുള്ള കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ബിജെപി ശിവസേനാ നേതാക്കളും താരത്തിനെതിരേ രംഗത്ത് എത്തിയിരുന്നു.
മുംബൈയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ, സെയ്ഫ് അലി ഖാനെതിരായ ആക്രമണം 'യഥാര്‍ത്ഥമോ വ്യാജമോ' എന്നാണ് മഹാരാഷ്ട്രയിലെ ചില നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ നടന്‍ അഞ്ചു ദിവസം കൊണ്ട് പൂര്‍ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയതിനെ കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് നിരുപം സഞ്ജയ് നിരുപം ചോദ്യം ചെയ്തിരുന്നു.
വിശ്വസിക്കാനാവുന്നില്ലെന്നും ഇതെല്ലം നാടകീയമായി അരങ്ങേറിയതാണോ എന്നാണ് മുന്‍ എംപി സഞ്ജയ് നിരുപം ചോദിച്ചത്. എന്നാല്‍ ആധുനിക ചികിത്സാ രീതികളെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞത്. പിന്നാലെയാണ് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നിതേഷ് റാണെ രംഗത്തെത്തിയത്.
ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ വേദനിച്ചാല്‍ സംസാരിക്കാനും സങ്കടപ്പെടാനും നിരവധി പേരുണ്ടെന്നും എന്നാല്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ പോലെയുള്ള ഒരു നടന്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഇതിനെതിരെ ശബ്ദിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും റാണെ പറയുന്നു. ജനുവരി 16ന് നടന്ന കുത്തേറ്റ സംഭവത്തിന്റെ അന്വേഷണം അവസാനിക്കുന്നത് വരെ സെയ്ഫ് അലിഖാന് മുംബൈ പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ 24 മണിക്കൂറും നടനോടൊപ്പം നില്‍ക്കും.
