ശബരിമല യുവതീപ്രവേശനം: വാദങ്ങള്‍ ക്രമപ്പെടുത്താന്‍ സുപ്രിംകോടതിയില്‍ ഇന്ന് അഭിഭാഷകയോഗം

സുപ്രിംകോടതി സെക്രട്ടറി ജനറലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, ഇന്ദിര ജയ്‌സിങ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല.

Update: 2020-01-17 03:32 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദങ്ങള്‍ തീരുമാനിക്കാനുമായി അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രിംകോടതിയില്‍ നടക്കും. സുപ്രിംകോടതി സെക്രട്ടറി ജനറലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, ഇന്ദിര ജയ്‌സിങ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല. തുല്യതയ്ക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്. ചോദ്യങ്ങള്‍ ക്രമപ്പെടുത്തുകയും ആവശ്യമെങ്കില്‍ ഉപചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്. ഫെബ്രുവരി രണ്ടാംവാരം മുതല്‍ കേസില്‍ അന്തിമവാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലാണ് ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒന്തതംഗ ബെഞ്ചിലെ അംഗങ്ങള്‍. ബെഞ്ചിലെ അഞ്ചുപേര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. 2018 സപ്തംബര്‍ 28നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയുണ്ടായത്. 

Tags:    

Similar News