ബിജെപി തെലങ്കാന സംസ്ഥാന സമിതി ഓഫീസിൽ തമ്മിൽത്തല്ല്
പ്രകോപിതരായ ജനക്കൂട്ടം പ്രകാശിന്റെ വസ്ത്രം വലിച്ചുകീറി, അദ്ദേഹത്തെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്താൻ പോലിസിന് നടപടിയെടുക്കേണ്ടിവന്നു.
ഹൈദരാബാദ്: ഹൈദരബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി തെലങ്കാന സംസ്ഥാന സമിതി ഓഫീസിൽ തമ്മിൽത്തല്ല്. ഗൺഫൗണ്ട്രി ഡിവിഷനിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ശൈലേന്ദർ യാദവിന്റെ അനുയായികൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ ഭർത്താവ് ഓം പ്രകാശിനെ ആക്രമിച്ചത്.
യാദവിന്റെ അനുയായികൾ അടുത്തിടെ ബിജെപിയിൽ ചേർന്ന ഓം പ്രകാശിനെ ഘരാവോ ചെയ്തു. പ്രകോപിതരായ ജനക്കൂട്ടം പ്രകാശിന്റെ വസ്ത്രം വലിച്ചുകീറി, അദ്ദേഹത്തെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്താൻ പോലിസിന് നടപടിയെടുക്കേണ്ടിവന്നു. പാർട്ടിയുടെ ഉന്നത നേതൃത്വം നഗരത്തിൽ പ്രചാരണത്തിനിറങ്ങുന്നതിനിടയിലാണ് സംഭവം.
സീറ്റ് വിൽപ്പന നടത്തിയെന്നാരോപിച്ച് യാദവിന്റെ അനുയായികൾ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി, ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് ഡോ. കെ. ലക്ഷ്മൺ എന്നിവർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ്ങിന്റെ കൂട്ടാളികളാണ് ഭീകരത സൃഷ്ടിച്ചതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
രാജ സിങ്ങിനെ ഗോഷാമഹലിൽ എംഎൽഎയാക്കാൻ സഹായിച്ചതിന് കിഷൻ റെഡ്ഡിയും ലക്ഷ്മണും ഞങ്ങൾക്കെതിരെ പ്രതികാരം ചെയ്യുകയാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച യാദവ് പറഞ്ഞു. റെഡ്ഡിയുടെയും ലക്ഷ്മണിന്റെയും നേതൃത്വത്തിലല്ല, രാജാ സിങ്ങിന്റെ നേതൃത്വത്തിൽ മാത്രമേ ബിജെപി ശക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
