ആര്‍എസ്എസിന് ഹിന്ദുരാഷ്ട്ര വാദം ഉപേക്ഷിക്കാന്‍ സാധിക്കുമെന്ന് മൗലാന അര്‍ഷദ് മദനി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Update: 2019-09-05 05:05 GMT

ന്യൂഡല്‍ഹി: രാജ്യം തകര്‍ച്ചയിലേക്കു പോവുന്ന സാഹചര്യത്തില്‍ ഹിന്ദുരാഷ്ട്ര വാദം ഉപേക്ഷിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ച്ച ചില ഇടനിലക്കാരിലൂടെയാണ് സാധ്യമായതെന്ന് മദനി പറഞ്ഞു.

''ഭാഗവത് ജിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ആഗ്രഹിക്കുന്നുവോ എന്ന് ഇടനിലക്കാരന്‍ ചോദിച്ചു. അതൊരു നല്ല ആശയമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ആര്‍എസ്എസ് വളരെ ശക്തമായ ഒരു സംഘടനയാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ ഒരാളില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ഞാനുമായുള്ള കൂടിക്കാഴ്ച്ച നിഷേധിക്കാമായിരുന്നു. എന്നാല്‍, ഭാവിയിലും ബന്ധം തുടരണമെന്നും ചര്‍ച്ച തുടരണമെന്നും അദ്ദേഹം സൂചിപ്പിച്ചു''- അഭിമുഖത്തില്‍ അര്‍ഷദ് മദനി പറഞ്ഞു.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആര്‍എസ്എസ് ആശയത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അര്‍ഷദ് മദനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

''ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ പറ്റുന്നതായിരിക്കണം നമ്മുടെ രാജ്യമെന്നാണ് ഞാന്‍ കരുതുന്നത്. രാജ്യത്തിന്റെ അധികാരികള്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭാഗവത് ജി ഞങ്ങളോട് പറഞ്ഞിട്ടില്ല. ചര്‍ച്ചയില്‍ അങ്ങിനെയൊരു കാര്യം ഉയര്‍ന്നുവന്നിട്ടില്ല''.

ആര്‍എസ്എസിന് അതിന്റെ അടിസ്ഥാന ആശയമായ ഹിന്ദുരാഷ്ട്ര വാദം ഉപേക്ഷിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കൊണ്ടാണ് ആര്‍എസ്എസിന് അതിന് കഴിയും എന്ന് അര്‍ഷദ് മദനി അഭിപ്രായപ്പെട്ടത്.

''അതെ, അവര്‍ക്കതിനു സാധിക്കും. രാജ്യം നാശത്തിലേക്കു നീങ്ങുകയാണ്. സാമ്പത്തിക രംഗവും തകര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അവര്‍ നേരത്തേ കൊണ്ടു നടന്ന ആശയങ്ങളില്‍ നിന്ന് പിന്മാറാന്‍ അവര്‍ക്ക് സാധിക്കും''.

മുസ്ലിംകള്‍ക്കെതിരേയും മതേതരത്വത്തിനെതിരേയും എഴുതുന്ന ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അത്തരം അഭിപ്രായത്തോട് ആര്‍എസ്എസ് യോജിക്കുന്നില്ലെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞതെന്നും മൗലാന അര്‍ഷദ് മദനി അവകാശപ്പെട്ടു.

ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനോടുള്ള നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യത്തിന് അവര്‍ നിലപാട് മയപ്പെടുത്തിയാല്‍ നമുക്കും എന്ത് കൊണ്ട് അങ്ങിനെ ആയിക്കൂടാ എന്നായിരുന്നു അര്‍ഷദ് മദനിയുടെ മറുപടി.

ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് 2015ല്‍ ആവശ്യപ്പെട്ടയാളായിരുന്നു മൗലാന അര്‍ഷദ് മദനി. നരേന്ദ്ര മോദിക്കെതിരേ നിരവധി തവണ രൂക്ഷമായ വിര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

Tags: