പാകിസ്താന്‍കാരെന്ന് ആരോപിച്ച് മലയാളി യുവാക്കള്‍ക്ക് ബംഗളൂരുവില്‍ ആര്‍എസ്എസ് മര്‍ദനവും ഭീഷണിയും

എല്ലാവരെയും പാകിസ്താനിലേക്ക് പറഞ്ഞയക്കുമെന്ന് ആക്രോശിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ 11 ഓടെ ബിഡദി ടൗണിലെത്തിയ പ്രതിഷേധക്കാര്‍ അഫ്‌സലിന്റെ ഉടമസ്ഥതയിലുള്ള കടകള്‍ ബലമായി അടപ്പിച്ചു.

Update: 2020-01-06 12:37 GMT

ബംഗളൂരു: പാകിസ്താന്‍ സ്വദേശികളെന്നാരോപിച്ച് ബംഗളൂരുവില്‍ മലയാളി യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം ലീഗ് നേതാവും കര്‍ണാടക രാമനഗര ബിഡദിയിലെ കച്ചവടക്കാരനുമായ കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശി മുഹമ്മദ് അഫ്‌സല്‍ പാറേങ്ങലിനെ (32) യാണ് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. കടയിലുണ്ടായിരുന്ന സഹോദരന്‍ അജ്മലിനെ (23) മര്‍ദിക്കുകയും മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാവരെയും പാകിസ്താനിലേക്ക് പറഞ്ഞയക്കുമെന്ന് ആക്രോശിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ 11 ഓടെ ബിഡദി ടൗണിലെത്തിയ പ്രതിഷേധക്കാര്‍ അഫ്‌സലിന്റെ ഉടമസ്ഥതയിലുള്ള കടകള്‍ ബലമായി അടപ്പിച്ചു.

പാകിസ്താന്‍കാരനെന്ന് കന്നഡയിലെഴുതിയ കുറിപ്പോടെ മലയാളിയായ മുഹമ്മദ് അഫ്‌സല്‍ പാറേങ്ങലിന്റെ ചിത്രം ഉപയോഗിച്ച് ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്

 തുടര്‍ന്ന് അഫ്‌സലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിഡദി പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. മുസ്‌ലിം ലീഗ് പതാകയ്‌ക്കൊപ്പമുള്ള അഫ്‌സലിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ആര്‍എസ്എസ്സിന്റെ മാഗഡി മണ്ഡലം ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പാകിസ്താനില്‍നിന്നാണ് ഇയാള്‍ വരുന്നതെന്നും കേരള മുസ്‌ലിമെന്നു പറഞ്ഞ് ബിഡദിയില്‍ കച്ചവടം നടത്തുകയാണെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ആരോപണം. ചിത്രത്തിന് മുകളില്‍ കന്നഡയിലെഴുതിയ കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. പോസ്റ്റ് വേഗത്തില്‍ പ്രചരിച്ചതോടെ അഫ്‌സല്‍ ഞായറാഴ്ച രാവിലെ തന്നെ ബിഡദി പോലിസ് സ്‌റ്റേഷനിലെത്തി എസ്‌ഐ ഭാസ്‌കറിന് പരാതി നല്‍കി.

മുസ്‌ലിം ലീഗ് കര്‍ണാടക സംസ്ഥാന സമിതിയംഗവും കെഎംസിസി മൈസൂരു റോഡ് ബിഡദി ഏരിയ വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ സാമൂഹികപ്രവര്‍ത്തകന്‍ കൂടിയാണ്. 35 വര്‍ഷം മുമ്പ് കച്ചവടവുമായി ബിഡദിയിലെത്തിയതാണ് അഫ്‌സലിന്റെ പിതാവ്. ബംഗളൂരു- മൈസൂരു ഹൈവേയിലെ ബിഡദി ടൗണില്‍ 12ഓളം കടകള്‍ ഇവരുടേതായുണ്ട്. ഞായറാഴ്ച നൂറിലേറെ വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി പ്രകടനമായെത്തി ഇവരുടെ മുഴുവന്‍ കടകളും അടപ്പിച്ചശേഷം പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുവരെ ഉപരോധം നീണ്ടു. എന്നാല്‍, മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് നിരന്തരം ഇടപെടാറുള്ള അഫ്‌സലിനെതിരേ ബിജെപി ബിഡദി കമ്മിറ്റി നല്‍കിയ പരാതി എസ്‌ഐ തള്ളി. ലാത്തിച്ചാര്‍ജ് നടത്തുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.

Tags: