കര്‍ഷകപ്രക്ഷോഭം: രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് എഎപി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
സഭയില്‍നിന്ന് പുറത്തുപോവാന്‍ തയ്യാറാവാത്ത ഇവരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെച്ചൊല്ലി രാജ്യസഭയില്‍ ഇന്നും ബഹളം. രാവിലെ സഭ സമ്മേളിച്ച ഉടന്‍തന്നെ എഎപിയിലെ മൂന്ന് അംഗങ്ങളാണ് സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇതെത്തത്തുടര്‍ന്ന് സഭ 9.40 വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഈ മൂന്ന് എംപിമാരെ ഇന്നത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. സഭയില്‍നിന്ന് പുറത്തുപോവാന്‍ തയ്യാറാവാത്ത ഇവരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്ത നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആരോപിച്ചു. അതിനിടെ, കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍ അനുവദിക്കണമെന്ന കാര്യത്തില്‍ ഭരണകക്ഷിപ്രതിപക്ഷ കക്ഷികള്‍ ധാരണയിലായി.
കര്‍ഷക പ്രശ്‌നങ്ങള്‍ അഞ്ചുമണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 15 മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചു. രണ്ടുദിവസത്തേക്ക് ചോദ്യോത്തര വേള റദ്ദുചെയ്തിട്ടുണ്ട്. സഭാ നടപടികള്‍ ചില അംഗങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും സഭാധ്യക്ഷന്‍ അംഗങ്ങളെ അറിയിച്ചു. നന്ദി പ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്.
