2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലും അതിന്റെ പ്രൊമോട്ടര്‍ ഡയറക്ടര്‍ അനില്‍ അംബാനിയുമായും ബന്ധമുള്ള സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും അനില്‍ അംബാനിയുമായും ബന്ധമുള്ള ആറ് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ബാങ്ക് ഫണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തുവെന്നും വായ്പകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോഎന്നും സ്ഥാപിക്കുന്നതിനുള്ള നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. 2000 കോടിയിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജൂണ്‍ 13ന് എസ്ബിഐ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയും അനില്‍ അംബാനിയെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ജൂണ്‍ 24ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപോര്‍ട്ട് അയക്കുകയും ചെയ്തു. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ 21 ദിവസത്തിനുള്ളില്‍ ആര്‍ബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പോലിസിലോ റിപോര്‍ട്ട് ചെയ്യുകയും വേണം.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് എസ്ബിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ലഭിച്ച മറുപടികള്‍ പരിശോധിച്ചെങ്കിലും മതിയായ വിശദീകരണം നല്‍കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ബാങ്ക് വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അംബാനിയെ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സിബിഐ റെയ്ഡുകള്‍ നടത്തിയത്.
