ജാമിഅയിലെ പോലിസ് നടപടി: സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം; അക്രമം അവസാനിപ്പിക്കൂ എന്ന് സുപ്രിംകോടതി

ജാമിഅ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ സ്വമേധയ കേസെടുക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങാണ് ജാമിഅ മില്ലിയ, അലിഗഢ് വിഷയം സുപ്രിംകോടതിയില്‍ ഉന്നയിച്ചത്.

Update: 2019-12-16 06:25 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി. വിദ്യാര്‍ഥികളാണെന്നതിനാല്‍ നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. തെരുവില്‍ നിയമം കൈയ്യില്‍ എടുക്കുകയാണെങ്കില്‍ എടുത്തോളൂ, പക്ഷേ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെചൂണ്ടിക്കാട്ടി. ജാമിഅ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ സ്വമേധയ കേസെടുക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങാണ് ജാമിഅ മില്ലിയ, അലിഗഢ് വിഷയം സുപ്രിംകോടതിയില്‍ ഉന്നയിച്ചത്.

ജാമിഅയിലെ സംഘര്‍ഷത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു ഇന്ദിര ജെയ്‌സിങ്ങിന്റെ ആവശ്യം. സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍, ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ കോലിന്‍ ഗോണ്‍സാല്‍വസും ജാമിഅ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിച്ചു. ജാമിഅയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രിംകോടതി ജഡ്ജിമാര്‍ അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തിരിക്കുകയാണ്.

അവര്‍ക്കെതിരേ പോലിസ് കേസുമെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, കലാപവും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നാല്‍ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളും കാണേണ്ടതില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കാമെന്നും അറിയിച്ചു. വിഷയം ആവര്‍ത്തിച്ചുന്നയിക്കാന്‍ ശ്രമിച്ച ജാമിഅയിലെ നിയമബിരുധ ധാരിയെ ചീഫ് ജസ്റ്റിസ് ശാസിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലീഗിന്റെ ഹരജി ബുധനാഴ്ചയാണ് പരിഗണിക്കുക. മറ്റു ഹരജികളും അന്ന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Tags:    

Similar News