സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ല, ഏതൊരു മൗലികാവകാശവും നിയന്ത്രണങ്ങള്‍ക്ക് വിധേയം; വാട്‌സ് ആപ്പിന് മറുപടിയുമായി കേന്ദ്രം

Update: 2021-05-26 17:23 GMT

ന്യൂഡല്‍ഹി: പുതിയ ഐടി ഡിജിറ്റര്‍ നിയമ- മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ചോദ്യംചെയ്തുള്ള നിയമപോരാട്ടത്തില്‍ വാട്‌സ് ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍, അത് ചില ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. പൗരന്‍മാര്‍ക്ക് ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ ഒരു മൗലികാവകാശവും കേവലമല്ല. അത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.

സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയെയും പൊതുനിയമങ്ങളെയും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തെയും ബാധിക്കുന്ന ചില കാര്യങ്ങള്‍ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. വാട്‌സ് ആപ്പിന്റെ സാധാരണ പ്രവര്‍ത്തനത്തെയോ അതിന്റെ ഉപഭോക്താക്കളെയോ പുതിയ നിയമങ്ങള്‍ ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ സംസ്ഥാനങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും മാത്രമാണെങ്കില്‍ മാത്രമേ വാട്‌സ് ആപ്പ് ഒരു സന്ദേശത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതുള്ളൂ.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം സംബന്ധിച്ച വിഷയങ്ങളിലും ഉറവിടം വ്യക്തമാക്കേണ്ടിവരും. അത് സ്വകാര്യതാ ലംഘനമല്ലെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടിവരുന്നതാണ് പുതിയ ഐടി നിയമത്തിലെ മാര്‍ഗനിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശം പാലിക്കുന്നത് വാട്‌സ് ആപ്പ് ഉപയോക്താവിന്റെ സ്വകാര്യതാ ലംഘനമാണെന്നാണ് വാട്‌സ് ആപ്പ് വാദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തെ ചോദ്യംചെയ്ത് വാട്‌സ് ആപ്പ് ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തിരിക്കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഭരണഘടന വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും വാട്‌സ് ആപ്പ് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സുരക്ഷയ്ക്കായി സര്‍ക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്‌സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതിനിടെ, സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂ ട്യൂബും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇനിയും തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം മെയ് 25ന് അവസാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോവുന്ന നടപടികളെന്താണ് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News