ആര്‍ജി കര്‍ ബലാല്‍സംഗ കേസ് പ്രതിയുടെ അനന്തരവള്‍ അലമാരയില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2025-10-22 12:42 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റായിയുടെ അനന്തരവള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിദ്യാസാഗര്‍ കോളനിയിലെ വീട്ടിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. മരിച്ച കുട്ടിയുടെ അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസ് പറയുന്നത്. അതിനുശേഷം, പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ രണ്ടാനമ്മ പടക്കം വാങ്ങാന്‍ പോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പലതവണ വിളിച്ചിട്ടും കുട്ടിയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനെമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.