പക്ഷിപ്പനി: കോഴി വില്‍പ്പന നിരോധിക്കാനുള്ള തീരുമാനം പുനപ്പരിശോധിയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലത്തിന്റെ പുതിയ സ്ഥിതിവിവര റിപോര്‍ട്ടില്‍ വ്യക്തമാക്കി. അതുകൊണ്ട് അശാസ്ത്രീയവും പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നതുമായ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ക്ക് ഉപയോക്താക്കള്‍ ശ്രദ്ധനല്‍കരുത്.

Update: 2021-01-17 15:20 GMT

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ കോഴിയുടെയും കൊഴി വിഭവങ്ങളുടെയും വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സുരക്ഷിത സ്ഥലങ്ങളില്‍ കോഴിയുടെയും കോഴി വിഭവങ്ങളുടെയും വില്‍പ്പന അനുവദിക്കാനുള്ള തീരുമാനങ്ങളുണ്ടാവണമെന്നും സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നന്നായി വേവിച്ച കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലത്തിന്റെ പുതിയ സ്ഥിതിവിവര റിപോര്‍ട്ടില്‍ വ്യക്തമാക്കി. അതുകൊണ്ട് അശാസ്ത്രീയവും പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നതുമായ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ക്ക് ഉപയോക്താക്കള്‍ ശ്രദ്ധനല്‍കരുത്.

കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കോഴിമുട്ട വിപണിയെ മാത്രമല്ല, ചോളം കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് കോഴി വിപണിയ്ക്ക് സമ്പൂര്‍ണനിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതുവരെ പത്ത് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങളിലും കോഴികളെ കൊല്ലുന്നത് നടന്നുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. പന്ന, സാഞ്ചി, റൈസന്‍, ബാലാഘട്ട് എന്നിവിടങ്ങളിലെ കാക്കകളിലും മധ്യപ്രദേശിലെ ഷിയോപൂര്‍, മന്ദ്‌സൗര്‍ ജില്ലകളിലെ പക്ഷികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു.

ഛത്തീസ്ഗഢിലെ ബസ്തര്‍, ദന്തേവാഡെ ജില്ലകളിലും ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ലാന്‍സ്ഡൗണ്‍ വനമേഖലയില്‍ ചത്ത കാക്കകളുടെ സാംപിളുകളിലും വൈറസ് കണ്ടെത്തി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദ്രുത പ്രതികരണസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതപ്രദേശങ്ങളിലെ സ്ഥിതി നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യത്തില്‍ ഇത് റിപോര്‍ട്ട് ചെയ്യുന്നതിനായി കര്‍ഷകര്‍ക്ക് ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Tags: