ജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍; ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ട്രെയിനുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ ആധാര്‍ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഐആര്‍സിടിസി ആപ്പിലും വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിങ് ചെയ്യാനാകൂ. ജൂലൈ മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാലേ ടിക്കറ്റ് ബുക്കിങ് സാധ്യമാകൂ.
ജൂലായ് 15 മുതല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നല്‍കിയാല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഏജന്റുമാര്‍ക്ക് ആദ്യ 30 മിനിറ്റ് തത്കാല്‍ ബുക്കിങിന് നിയന്ത്രണം ഏര്‍പ്പെടുത്തും. എസി നോണ്‍ എസി കോച്ചുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാക്കും. എസി കോച്ചുകളില്‍ രാവിലെ പത്ത് മുതല്‍ പത്തര വരെയും നോണ്‍ എസി കോച്ചുകളില്‍ പതിനൊന്ന് മുതല്‍ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു.