സര്‍ക്കാര്‍ കരാറുകളില്‍ മുസ് ലിംകള്‍ക്ക് സംവരണം; അനുമതി നല്‍കി മന്ത്രിസഭ; വന്‍ പ്രത്യാഘാതം നേരിടുമെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ് ലിംകള്‍ക്ക് നാലുശതമാനം സംവരണം നിയമം നിലവില്‍ വന്നു. കര്‍ണാടക ട്രാന്‍സ്‌പെരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമഭേദഗതിക്ക് മന്ത്രിസഭ അനുമതി നല്‍കി. ഇതോടെ രണ്ട് കോടിയില്‍ താഴെയുള്ള നിര്‍മാണക്കരാറുകളില്‍ മുസ് ലിം വിഭാഗത്തില്‍നിന്നുള്ള കരാറുകാര്‍ക്ക് നാലു ശതമാനം സംവരണം ലഭിക്കും.
നിലവില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കും ഒ.ബി.സി. വിഭാഗത്തിലുള്ളവര്‍ക്കും പൊതുമരാമത്തു കരാറുകളില്‍ സംവരണമുണ്ട്. ന്യൂനപക്ഷ പിന്നാക്ക- ദലിത് വിഭാഗങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ് ലിം വിഭാഗം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
നിയമസഭയിലും ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലിലും ഉടന്‍ തന്നെ നിയമം അവതരിപ്പിക്കും. നിയമത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ മുസ് ലികള്‍ക്കുള്ള 4% സംവരണം രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ രക്ഷാകര്‍തൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയം കര്‍ണാടകയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
