ടിആര്‍പി തട്ടിപ്പ്: അന്വേഷണം നിര്‍ത്തിവെക്കണം; റിപബ്ലിക് ടിവി മുബൈ പോലിസിന് കത്തയച്ചു

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു മുബൈ പോലിസ് അറിയിച്ചിരുന്നത്.

Update: 2020-10-10 15:54 GMT

മുംബൈ: റിപബ്ലിക്ക് ചാനലിനെതിരെയുള്ള ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് റിപബ്ലിക് ചാനൽ മുബൈ പോലിസിന് കത്തയച്ചു. ചാനലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശിവ സുന്ദരമാണ് കത്തയച്ചിരിക്കുന്നത്. അന്വേഷണം ശക്തമാകുന്നതിന് പിന്നാലെയാണ് ഈ നടപടി.

ചാനലിനെതിരെയുള്ള അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സുപ്രിംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അന്വേഷണം നിര്‍ത്തിവെക്കണമെന്നുമാണ് സിഎഫ്ഒ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹം മുബൈ പോലിസിനെഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഹരജി അടുത്തയാഴ്ച്ച കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെയും അന്വേഷണം നിര്‍ത്തിവെക്കണമെന്നാണ് ശിവ സുന്ദരം കത്തില്‍ പറഞ്ഞത്. കോടതിയില്‍ ഹരജി പരിഗണിച്ചതിന് ശേഷം അന്വേഷണവുമായി സഹകരിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു മുബൈ പോലിസ് അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ നഗരത്തില്‍ ഉണ്ടാവില്ലെന്നും ഈ മാസം 14-15 തിയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് ശിവ സുന്ദരം കത്തിൽ പറഞ്ഞത്.