യോഗി കഴിവുകെട്ട മുഖ്യമന്ത്രി; ഗോരഖ്പൂര്‍ മഠത്തിലേക്ക് തിരിച്ചയക്കണമെന്ന് ബിജെപിയോട് മായാവതി

Update: 2020-10-02 01:49 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. കഴിവുകെട്ട യോഗിയെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് പുറത്താക്കണമെന്ന് ബിജെപിയോട് മായാവതി ആവശ്യപ്പെട്ടു. ക്രമസമാധാനം സംരക്ഷിക്കാന്‍ കഴിവില്ലാത്ത യോഗിയെ സ്വന്തം സ്ഥലമായ ഗോരഖ്പൂര്‍ മഠത്തിലേക്ക് തിരിച്ചയക്കണം. അവിടം ഇഷ്ടമല്ലെങ്കില്‍ രാമക്ഷേത്രനിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കട്ടെയെന്ന് മായാവതി പറഞ്ഞു.

ആദിത്യനാഥിന് ക്രമസമാധാനം കൈകാര്യം ചെയ്യാന്‍ കഴിത്ത സാഹചര്യത്തില്‍ മറ്റൊരാളെ മുഖ്യമന്ത്രിയാക്കണം. അല്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. ആര്‍എസ്എസ്സിന്റെ സമ്മര്‍ദംകൊണ്ട് മാത്രമാണ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതെന്നും മായാവതി ആരോപിച്ചു. 2012 ലെ ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഹാത്‌റാസ്, ബല്‍റാംപൂര്‍ ജില്ലകളിലുണ്ടായത്. നിങ്ങള്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍നിന്നല്ലേ ജനിച്ചത്. മറ്റുള്ളവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും നിങ്ങളുടേതായി കണക്കാക്കണം.

നിങ്ങള്‍ക്ക് അവരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ രാജിവയ്ക്കണം. ജനങ്ങളുടെ ക്ഷേമത്തിനായി ആര്‍എസ്എസ്സിന്റെ പിടിയില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്ന് ബിജെപിയോട് മായാവതി ആവശ്യപ്പെട്ടു. വാരാണസിയില്‍നിന്ന് ജയിച്ച എംപിയാണ് പ്രധാനമന്ത്രി. അതിനാല്‍, സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം പ്രധാനമന്ത്രി ഉറപ്പാക്കണമെന്ന് മായാവതി ഓര്‍മിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ ഇത്രയും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുനടന്നിട്ടും യുപിയിലെ ബിജെപി സര്‍ക്കാര്‍ ഉറക്കത്തിലാണ്. അതിനാല്‍, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഉണര്‍ത്തേണ്ടത് ആവശ്യമാണ്.

ഇരകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കിയതുകൊണ്ടോ ജോലി വാഗ്ദാനം ചെയ്തതുകൊണ്ടോ സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിക്കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിങ്ങളുടെ ഭരണകാലത്ത് ആയിരം ദലിതര്‍ കൊല്ലപ്പെട്ടെന്ന കാര്യം നിങ്ങള്‍ മറന്നുവെന്നായിരുന്നു മായാവതിക്കുള്ള ബിജെപി നേതാവും കാബിനറ്റ് മന്ത്രിയുമായ സിദ്ധാര്‍ഥ് നാഥ് സിങ്ങിന്റെ മറുപടി. ഇന്ന് നിങ്ങള്‍ ഞങ്ങള്‍ക്കായി ഒരു പ്രഭാഷണം നടത്തുന്നു. നിങ്ങള്‍ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടിയാല്‍ രണ്ടുവിരലുകള്‍ നിങ്ങള്‍ക്കെതിരേ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: