മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും. ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്.
ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.
ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്ലെയ്ക്ക് സ്വന്തമാണ്. സംഗീതത്തിന് നല്‍കിയ അതുല്യമായ സംഭാവനകളെ മാനിച്ച് രാജ്യത്തെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2008-ല്‍ രാജ്യം അവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
1933 സെപ്റ്റംബര്‍ എട്ടിന് ഇന്‍ഡോറിലെ ഒരു കൊങ്കണി കുടുംബത്തിലാണ് ആശാ ഭോസ്ലെ ജനിച്ചത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറും ശുദ്ധമതിയുമാണ് മാതാപിതാക്കള്‍. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.
