വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് നാടുകടത്തലല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: രേഖകളുടെ അഭാവത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. നാടുകടത്തലും മറ്റും സര്‍ക്കാരിന്റെ തീരുമാനമാണെന്നും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.
എസ്‌ഐആറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിശദമായ വാദം കേട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയാണ് ഹാജരായത്.
എന്നാല്‍ പൗരത്വം തെളിയിക്കേണ്ട സാഹചര്യത്തില്‍ സൂക്ഷ്മപരിശോധനയ്ക്കായി കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിക്കാനും വിദേശി നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനും ഇസിഐക്ക് നിയമപരമായി അധികാരമുണ്ടെന്നും കമ്മീഷനെ പ്രതിനിധീകരിച്ച് രാകേഷ് ദ്വിവേദി വാദിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ ഭരണഘടനാപരമായ അധികാരമുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് കടമയാണെന്നും കമ്മീഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
നേരത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ഇന്ത്യയില്‍ ജനിച്ചിരിക്കുകയും ഒരു രക്ഷിതാവ് ഇന്ത്യന്‍ പൗരനായിരിക്കണം എന്നുമായിരുന്നു നിബന്ധന. എന്നാല്‍ ഇപ്പോള്‍ അവ പരിഷ്‌കരിച്ച് ജനനം, രണ്ട് മാതാപിതാക്കളും ഇന്ത്യന്‍ പൗരന്മാരായിരിക്കണം എന്ന് വ്യവസ്ഥ കൊണ്ടുവന്നുവെന്നുമുള്ള ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ നിരീക്ഷണത്തിനാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.
അതേസമയം പൗരത്വ നിയമം 1955 ലാണ് വന്നതെന്നും അവയുടെ രണ്ടാം ഭാഗം ഇതുവരയെും അന്തിമമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായി അന്വേഷണം നടത്താന്‍ അധികാരമുണ്ടെന്ന് ദ്വിവേദി ഊന്നിപ്പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ തുടരാനുള്ള യോഗ്യത പരിശോധിക്കുന്നതിന് മാത്രമേ നിയന്ത്രണങ്ങള്‍ ബാധകമാകൂ എന്നും, ഇന്ത്യയില്‍ തുടരുകയോ നാടുകടത്തുകയോ പോലുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഐആര്‍ പരിശോധനയ്ക്കിടെ പ്രതികൂലമായ കണ്ടെത്തല്‍ ഉണ്ടായാല്‍, അത് ആ വ്യക്തിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും അത് നാടുകടത്തലിന് കാരണമാകില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എസ്ഐആര്‍ നടപടിക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്റഎ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവില്‍ പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് പാനലിന്റെ അധികാരങ്ങള്‍, പൗരത്വം, വോട്ടവകാശം എന്നിവ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഹരജികള്‍ ഉയര്‍ത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

