ജെഎന്‍യുവിലെ ക്രൂരമായ ആക്രമണം മുംബൈ ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നു: ഉദ്ധവ് താക്കറെ

ജെഎന്‍യു കാംപസില്‍ അക്രമികള്‍ അഴിഞ്ഞാടിയ സംഭവം 26/11 ലെ മുംബൈ ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നു. ഇരുമ്പുദണ്ഡും ചുറ്റികയും ഉപയോഗിച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ അഴിഞ്ഞാട്ടം തികഞ്ഞ ഭീരുത്വമാണ്.

Update: 2020-01-06 09:52 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കുനേരേയുണ്ടായ ക്രൂരമായ ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോട് താരതമ്യം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു കാംപസില്‍ അക്രമികള്‍ അഴിഞ്ഞാടിയ സംഭവം 26/11 ലെ മുംബൈ ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നു. ഇരുമ്പുദണ്ഡും ചുറ്റികയും ഉപയോഗിച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ അഴിഞ്ഞാട്ടം തികഞ്ഞ ഭീരുത്വമാണ്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ പരസ്യമായി വരുമായിരുന്നു. അത്തരം ഭീരുത്വത്തെ അംഗീകരിക്കാനാവില്ല. അക്രമികള്‍ ആരാണെന്ന് കണ്ടെത്തണം. സംഭവത്തില്‍ കൃത്യമായി ഇടപെട്ട് നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ ഇടയാക്കും.

രാജ്യത്ത് വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്ന് മനസ്സിലാക്കുന്നു. വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കുകയും മാനിക്കുകയും വേണം. ഭയന്ന യുവത രോഷാകുലരാണ്. നമ്മുടെ യുവത ഭീരുക്കളല്ല. അവരെ പ്രകോപിപ്പിച്ച് ബോംബിന് തീക്കൊളുത്തരുത്. യുവക്കളോട് കേന്ദ്രസര്‍ക്കാര്‍ ശത്രുതാസമീപനം പുലര്‍ത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുറ്റവാളികളുടെ മുഖംമൂടി പുറത്തുകൊണ്ടുവരണമെന്നും അപ്പോള്‍ ആരാണ് അക്രമകാരികളെന്ന് വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News