ജിയോ ടവറുകളും കേബിള്‍ ശൃംഖലയും വില്‍ക്കുന്നു: കടബാധ്യത മൂലമെന്ന് റിപ്പോര്‍ട്ട്

Update: 2019-02-09 06:40 GMT

ന്യൂഡല്‍ഹി: റിലയന്‍സ് കമ്പനിയുടെ ജിയോ ടവറുകളും കേബിള്‍ ശൃംഖലയും വില്‍ക്കാന്‍ പോവുന്നതായി റിപോര്‍ട്ട്. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രൂക്ഫീല്‍ഡിനു 1.07 ലക്ഷം കോടിക്ക് ജിയോ വില്‍ക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നത്. കടബാധ്യത വര്‍ധിച്ചതിനാലാണു ഇപ്പോഴത്തെ നീക്കമെന്നാണു വിവരം. ഇന്ത്യയില്‍ ജിയോ ഉപയോഗപ്പെടുത്തുന്ന 2.2 ലക്ഷം ടവറുകളാണുള്ളത്. ഇതില്‍ ജിയോ വാടകയ്ക്ക് എടുത്ത ടവറുകളാണ് ഏറെയും. മൂന്നു ലക്ഷം റൂട്ട് കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശൃംഖല ജിയോയ്ക്ക് ഇന്ത്യയിലുണ്ട്. ഇതും ചേര്‍ത്താണ് വില്‍പ്പന എന്നാണ് സൂചന. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 30 കോടി ഉപയോക്താക്കളാണ് ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ജിയോ ടെലികോം സേവനം വില്‍ക്കുന്നില്ല. അടുത്തിടെ റിലയന്‍സിന്റെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന്‍ ബ്രൂക്ഫീല്‍ഡ് 2 ബില്ല്യന്‍ ഡോളറിന് വാങ്ങിയിരുന്നു. ആന്ധ്രാപ്രദേശിനും ഗുജറാത്തിനുമിടയിലുള്ള 1,440 കിലോമീറ്റര്‍ പൈപ് ലൈന്‍ ആയിരുന്നു അത്.

Tags: