ജൂണ്‍ 30 വരെ ബുക്ക് ചെയ്ത സാധാരണ ട്രെയിന്‍ ടിക്കറ്റുകള്‍ റെയില്‍വേ റദ്ദാക്കി

ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാടുകളിലെത്തിക്കാനായി റെയില്‍വേ നടത്തുന്ന ശ്രമിക് ട്രെയിനുകളും, ഡല്‍ഹിയില്‍നിന്ന് ഈയാഴ്ച തുടങ്ങിയ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകളും തുടര്‍ന്നും പ്രവര്‍ത്തിക്കും.

Update: 2020-05-14 09:31 GMT

ന്യൂഡല്‍ഹി: ജൂണ്‍ 30 വരെയുള്ള എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിനുകളുടെയും ബുക്കിങ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. പ്രത്യേക ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് റെയില്‍വെ തീരുമാനം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കാനും റെയില്‍വെ തീരുമാനിച്ചു. ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാടുകളിലെത്തിക്കാനായി റെയില്‍വേ നടത്തുന്ന ശ്രമിക് ട്രെയിനുകളും, ഡല്‍ഹിയില്‍നിന്ന് ഈയാഴ്ച തുടങ്ങിയ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകളും തുടര്‍ന്നും പ്രവര്‍ത്തിക്കും. രാജധാനി ട്രെയിനുകളാണ് ഇപ്പോള്‍ ഓടുന്നത്. ഇവയില്‍ അമിതമായ നിരക്കാണ് റെയില്‍വേ ഈടാക്കുന്നതന്നും പരാതിയുണ്ട്.

അതേസമയം, കേരളത്തില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ചുനല്‍കി. സാധാരണ ട്രെയിന്‍ സര്‍വീസ് നടത്തുന്നത് സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. പ്രത്യേക ട്രെയിനുകളില്‍ മൂന്ന് സ്റ്റോപ്പുകളാണ് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക ട്രെയിന് സ്റ്റോപ്പുണ്ടാവുക. ഡല്‍ഹിയില്‍നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസ്സമില്ല.

എന്നാല്‍, ട്രെയിനില്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ യാത്രയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. അതായത് പ്രത്യേക ട്രെയിനില്‍ കോഴിക്കോട്ടുനിന്നോ എറണാകുളത്തുനിന്നോ യാത്രക്കാരെ കയറ്റില്ല. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കാണിച്ചാണ് റെയില്‍വെയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു തീരുമാനം റെയില്‍വെ എടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളത്തിനകത്തുനിന്നുള്ള യാത്രക്കാര്‍കൂടി വരുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.

Tags:    

Similar News