ആഘോഷം ദുരന്തത്തില്‍ കലാശിച്ചപ്പോഴും വിജയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ആര്‍സിബി; പ്രതിഷേധം കനത്തു; വീഡിയോ പിന്‍വലിച്ചു

ബംഗളൂരു: കഴിഞ്ഞ ദിവസം നടന്ന ആര്‍സിബിയുടെ വിജയഘോഷപരിപാടി ബംഗളുരു നഗരത്തില്‍ വന്‍ ദുരന്തമാണ് ഉണ്ടാക്കിയത്. വിജയാഘോഷപരിപാടി കാണാനെത്തിയ ആളുകള്‍ തിക്കിലും തിരക്കിലും പെടുകയും സ്ത്രീകള്‍ അടക്കം 11 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ 'ട്രോഫി മാര്‍ച്ച്' നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികള്‍ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറിനിന്ന താരങ്ങള്‍ ആരാധകരെ ട്രോഫി ഉയര്‍ത്തിക്കാട്ടി ആഘോഷിച്ചു.
പതിനായിരക്കണക്കിന് ആരാധകര്‍ ഒഴുകിയെത്തിയ ആഘോഷ പരിപാടികള്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചപ്പോഴും കിരീട വിജയം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച ദുരന്തത്തിന് മിനിട്ടുകള്‍ക്ക് ശേഷമാണ് ആര്‍സിബി എക്‌സ് പ്ലാറ്റ്‌ഫോമില്‍ റോഡിന്റെ ഇരുവശത്തും നില്‍ക്കുന്ന ആരാധകരുടേയും ബസിനുള്ളിലെ താരങ്ങളുടെ ആഘോഷങ്ങളുടെ വീഡിയോ പങ്ക് വച്ചത്.ദുരന്തസമയത്ത് ആഘോഷ വീഡിയോ പങ്ക് വെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായി. ഇതോടെ ആര്‍സിബി എക്സില്‍ നിന്നും വീഡിയോ പിന്‍വലിക്കുകയായിരുന്നു.