രാജ്യം സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നതായി നിരവധി സൂചനകൾ: റിസർവ് ബാങ്ക് ഗവർണർ
വാക്‌സിനുകളിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി ശാസ്ത്ര രംഗത്തെ രാജ്യത്തിന്റെ ശേഷിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ്
ന്യൂഡൽഹി: രാജ്യം സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നു എന്നതിന് നിലവിൽ ധാരാളം സൂചനകളുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്.
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള സാഹചര്യത്തിൽ ഇന്ത്യക്ക് ഉയർന്ന വേഗതയിൽ വളരാനുള്ള സാധ്യതയുണ്ടെന്ന് എസ്ബിഐ ബാങ്കിങ് & ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിച്ച ആർബിഐ ഗവർണർ പറഞ്ഞു.
വാക്‌സിനുകളിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി ശാസ്ത്ര രംഗത്തെ രാജ്യത്തിന്റെ ശേഷിയുടെ ഉജ്ജ്വലമായ ഉദാഹരണമാണെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ഒന്നാംപാദ ജിഡിപി ഡാറ്റ സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലും കാര്യമായ വിടവ് രേഖപ്പെടുത്തിയതായി ദാസ് പറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പുള്ള പ്രവണതകളേക്കാളും മുന്നോട്ട് പോവാൻ വളർച്ചയ്ക്ക് സുസ്ഥിരമായ പ്രചോദനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും ദാസ് പറഞ്ഞു. ബാങ്കിങ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ, നിക്ഷേപ ചക്രം ഉയർന്നുവരുമ്പോൾ ബാങ്കുകൾ നിക്ഷേപത്തിന് തയ്യാറായിരിക്കണം. ജൂണിലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സെപ്തംബറിൽ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്ഥിയുടെ കാര്യത്തിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.