രണ്‍വീര്‍ സിങ് വധ ഭീഷണി കേസ്: ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹായി ഹാരി ബോക്‌സറിനെതിരേ ലുക്ക് ഔട്ടോ നോട്ടീസ്
മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വധ ഭീഷണി മുഴക്കിയ കേസില്‍ ഹരിചന്ദ്ര എന്ന ഹാരി ബോക്‌സറിനെതിരെ മുംബൈ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചു. ഇയാള്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായിയാണെന്നാണ് ആരോപിക്കപ്പെടുന്നത്.
ശനിയാഴ്ചയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ വിവരം പോലിസ് അറിയിച്ചത്. നടന്റെ മാനേജരുടെ വാട്‌സ് ആപ്പ് നമ്പറില്‍ വോയ്‌സ് മെസേജായിട്ടാണ് ഭീഷണി സന്ദേശം എത്തിയത്. രണ്‍വീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭീഷണി സന്ദേശത്തില്‍ താന്‍ ലോറന്‍സ് ബിഷ്‌ണോയ്യുടെ സംഘത്തില്‍പ്പെട്ട ഹാരി ബോക്‌സര്‍ എന്ന് സ്വയം പരിചയപ്പെടുത്തി 20 കോടി രൂപയാണ് ആവശ്യപ്പെട്ടതായാണ് പറയുന്നത്. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് വോയ്‌സ് നോട്ട് അയച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, വോയ്‌സ് നോട്ട് പഞ്ചാബിലെയും ഹരിയാനയിലെയും ഏജന്‍സികള്‍ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭീഷണി അയയ്ക്കാന്‍ ഉപയോഗിച്ച വിദേശ നമ്പറുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലിസ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ബിഷ്‌ണോയി സംഘത്തിലെ പ്രധാന പങ്കാളിയായ ഹാരി ബോക്‌സര്‍ എന്നറിയപ്പെടുന്നയാള്‍ രണ്‍വീര്‍ സിങ്ങിന്റെ മാനേജര്‍ക്ക് 10 കോടി രൂപ തട്ടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വോയ്‌സ് നോട്ട് അയച്ചതായി നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. അതേസമയം നേരത്തെ ലഭിച്ച ഭീഷണിയും പുതിയ വോയ്‌സ് മെസേജും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്ത് അടുത്തിടെ നടന്ന വെടിവയ്പ്പ് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മാനേജരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍, ഫോറന്‍സിക് തെളിവുകളും അവര്‍ പരിശോധിച്ചുവരികയാണ്. ഇതുവരെ ഔദ്യോഗിക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച നമ്പറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഔദ്യോഗിക പ്രോട്ടോക്കോള്‍ വഴി ബന്ധപ്പെട്ട യുഎസ് അധികാരികളുമായി ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന് ചുറ്റുമുള്ള സുരക്ഷ കര്‍ശനമാക്കി. ക്രൈംബ്രാഞ്ച് അദ്ദേഹത്തിന്റെ മാനേജരുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്.

